പള്ളിക്കര പഞ്ചായത്ത് തല ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജനുവരി 28 ന് കരിച്ചേരി ഗവ.യു.പി.സ്കൂളില്‍ വെച്ച് നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞി മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.മാധവന്‍ നമ്പ്യാര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ശ്രീമതി ലതിക.എ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി ഉമാദേവി.കെ എന്നിവര്‍ സംസാരിച്ചു.ഹെഡ്‌മാസ്റ്റര്‍ ശ്രീ.രാധാകൃഷ്ണന്‍ കാമലം സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീ മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 13 ടീമുകള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അഞ്ചാം ക്ലാസ്സില്‍ 3 ആറാം ക്ലാസ്സില്‍ 5 ഏഴാം ക്ലാസ്സില്‍ 5 എന്നിങ്ങനെയായിരുന്നു പങ്കാളിത്തം.അടുക്കളത്തോട്ടവും ഭക്ഷ്യസുരക്ഷയും, ഇന്ധനങ്ങളുടെ അമിതോപയോഗം,ഭക്ഷണവും ആരോഗ്യവും,മലിനീകരണം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.ശ്രീ ബാലചന്ദ്രന്‍ മാസ്റ്റര്‍,ശ്രീ രമേശന്‍ മാസ്റ്റര്‍ എന്നിവരടങ്ങിയ ജൂറിയാണ് പ്രബന്ധങ്ങള്‍ വിലയിരുത്തിയത്. പ്രത്യേക ഫോര്‍മാറ്റിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ അവതരണത്തെ പരസ്പരവിലയിരുത്തലിനു വിധേയമാക്കുകയും ചെയ്തു.ചാര്‍ട്ടുകള്‍,മോഡലുകള്‍,പരീക്ഷണങ്ങള്‍ എന്നിവ അവതരണത്തിന് മാറ്റുകൂട്ടി. പ്രക്രിയാധിഷ്ഠിത പഠനരീതി ശാസ്ത്രപഠനത്തെ എത്രത്തോളം ഗുണപരമായി സ്വാധീനിക്കുന്നു എന്നതിന്റെ തെളിവായി ഓരോ പ്രബന്ധാവതരണവും.സ്വയം രൂപപ്പെടുത്തിയ മോഡലുകളുടേയും പരീക്ഷണങ്ങളുടേയും സഹായത്തോടെ തങ്ങളുടെ ഗവേഷണഫലങ്ങള്‍ കുട്ടികള്‍ പൊതുവേദിയില്‍ അവതരിപ്പിച്ചത് രക്ഷിതാക്കളില്‍ വിസ്മയം ജനിപ്പിച്ചു. 5,6,7 ക്ലാസ്സുകളുടെ വിഭാഗത്തില്‍ ആതിഥേയവിദ്യാലയം ഒന്നാം സ്ഥാനം നേടി എന്നത് അക്കാദമിക നിലവാരത്തില്‍ സ്കൂള്‍ കൈവരിച്ച മുന്നേറ്റത്തിന്റെ നിദര്‍ശനമാണ്. സ്കൂള്‍ വളപ്പില്‍ കുട്ടികളുടെ കൂട്ടായ്മയില്‍ വിളയിച്ചെടുത്ത കപ്പയായിരുന്നു ചായക്കുള്ള പലഹാരം. ചിക്കന്‍ കറി അടക്കം വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കൊണ്ടും ബാലശാസ്ത്രകോണ്‍ഗ്രസ്സ് ശ്രദ്ധേയമായി. ഒന്നും രണ്ടും സ്ഥാനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. സമ്മാന വിതരണത്തോടെ 4 മണിക്ക് പരിപാടി അവസാനിച്ചു.
വാര്‍ഡ് മെമ്പര്‍ ശ്രീ.ടി അപ്പക്കുഞ്ഞി മാസ്റ്റര്‍ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ഉദ്ഘാടനം ചെയ്യുന്നു
പ്രബന്ധാവതരണത്തിലൂടെ.........
ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ പ്രദര്‍ശിപ്പിച്ച ഒരു മോഡല്‍
ജഡ്ജിംഗ് കമ്മിറ്റി അംഗം ശ്രീ ബാലചന്ദ്രന്‍മാസ്റ്റര്‍ പ്രബന്ധങ്ങളെ വിലയിരുത്തുന്നു
ഹെഡ്‌മാസ്റ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കാമലം വിജയികള്‍ക്ക് സമ്മാനം നല്‍കുന്നു.